കെഎസ്ആർടിസിയിൽ പണിമുടക്ക് ആരംഭിച്ചു; സമരക്കാർക്ക് ഡൈസ് നോൺ
പണിമുടക്കിനെ നേരിടുന്നതിന് മാനേജ്മെൻറ് ഡൈസ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കെഎസ്ആർ ടിസിയിൽ കോൺഗ്രസ് അനുകൂല സംഘടനയായ ഡെമോക്രാറ്റിക് ഫെഡറേഷൻ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു.ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, കുടിശ്ശിക അനുവദിക്കുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങി 12 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നലെ രാത്രി 12 മണി മുതൽ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിനെ നേരിടുന്നതിന് മാനേജ്മെൻറ് ഡൈസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം സ്വിഫ്റ്റിലെയടക്കം താൽക്കാലിക ജീവനക്കാർ ബദൽ ജീവനക്കാർ തുടങ്ങിയവരെ നിയോഗിച്ച് സർവീസ് മുടങ്ങാതിരിക്കാനുള്ള ശ്രമവും നടത്തുന്നു.
ജോലിക്ക് ഹാജരാക്കാത്ത തൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പും മാനേജ്മെൻറ് നൽകിയിട്ടുണ്ട്. എന്നാൽ പണിമുടക്ക് അട്ടി മറിക്കാനുള്ള നീക്കം വിലപ്പോകില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതു വരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ടി ഡി എഫ് സംസ്ഥാന പ്രസിഡണ്ട് തമ്പാനൂർ രവി അറിയിച്ചു.