പള്ളിയത്ത് കിണറിൽ വീണ ആടിനെ പേരാമ്പ്ര അഗ്നിശമന സേന രക്ഷിച്ചു
ആട് ആൾമറയില്ലാത്ത 35 അടി താഴ്ചയുള്ള കിണറിൽ വീഴുകയായിരുന്നു
പേരാമ്പ്ര : പള്ളിയത്ത് അങ്ങാടിക്ക് സമീപം കിണറിൽ വീണ ആടിന് രക്ഷകരായത് പേരാമ്പ്രയിലെ അഗ്നി രക്ഷാസേന. പള്ളിയത്ത് കൊട്ടോറ അഫ്സത്ത് എന്നിവരുടെ ആട് സമീപത്തുള്ള കൊഴിഞ്ഞ പറമ്പിൽ മേയുന്നതിനിടെ ആൾമറയില്ലാത്ത 35 അടി താഴ്ചയുള്ള കിണറിൽ വീഴുകയായിരുന്നു. നാട്ടുകാരനായ മാണിക്കോത്ത് ബാബു ഉടനെ എട്ടടിയോളം വെള്ളമുള്ള കിണറിൽ ഇറങ്ങി കയറിൽ പിടിച്ച് നിർത്തുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് യൂണിറ്റ് സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു.
ആൾമറയില്ലാത്ത കിണറുകൾക്ക് സുരക്ഷാ വേലികൾ നിർമ്മിച്ച് അപകടസാധ്യതകൾ ഒഴിവാക്കേണ്ടത് നിർബന്ധമാണെന്ന് ഫയർ ഓഫീസർ അറിയിച്ചു. പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥരായ പി ആർ സത്യനാഥ്, പി കെ സിജീഷ്, സനൽ രാജ്, വി വിനീത് ഹോം ഗാർഡ് വി ആർ വിജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.