കൈക്കൂലി വാങ്ങുന്നതിനിടെ സർവ്വെയർ ഉള്ളിയേരിയിൽ പിടിയിലായി
വിരമിക്കുന്നതിന് മൂന്നുമാസം ബാക്കി നിൽക്കേ ഡിജിറ്റൽ സർവേയ്ക്ക് കൈക്കൂലി
ഉള്ളിയേരി: ഡിജിറ്റൽ സർവേ നടത്തുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട സർവ്വേയറെ വിജിലൻസ് പിടികൂടി. റീസ് സർവ്വേ സൂപ്രണ്ട് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സർവേയർ എൻ കെ മുഹമ്മദിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. എം കെ മുഹമ്മദ് ഈ വർഷം സർവീസിൽനിന്ന് പിരിയുകയാണ്. നരിക്കുനി സ്വദേശിയാണ് പ്രദേശവാസിയായ ഒരാളുടെ അഞ്ച് ഏക്കർ 45 സെൻറ് സ്ഥലം ഡിജിറ്റൽ സർവേ ചെയ്തപ്പോൾ അളവിൽ കുറവ് വന്നിരുന്നു. ഇത് വീണ്ടും സർവ്വേ നടത്തുന്നതിനാണ് പതിനായിരം രൂപ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
ഇത് നൽകിയിട്ടും വീണ്ടും പണത്തിന് ആവശ്യപ്പെട്ടപ്പോൾ പരാതിക്കാരൻ കോഴിക്കോട് വിജിലൻസ് വിഭാഗത്തെ അറിയിച്ചു. തുടർന്ന് വിജിലൻസ് നൽകിയ അടയാളപ്പെടുത്തിയ നോട്ടുകൾ ഇന്നലെ വൈകിട്ട് ഉള്ളേരി അങ്ങാടിയിൽ വച്ച് കൈമാറുമ്പോഴാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. പണം വാങ്ങാൻ മോട്ടർസൈക്കിളിലാണ് സർവ്വേയർ എത്തിയത്. പണം വാങ്ങിയശേഷം പോകാൻ ഒരുങ്ങുമ്പോൾ വിജിലൻസ് പിടി കൂടുകയായിരുന്നു.കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി ബിജു, നോർത്ത് റെയിഞ്ച് ഡിവൈഎസ്പി ശിവപ്രസാദ്, സിഐമാരായ കെ കെ രാജേഷ്, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിവരമറിഞ്ഞ് ഉള്ളിയേരി അങ്ങാടിയിൽ ധാരാളം ആളുകൾ തടിച്ചുകൂടി.