പമ്പുകൾ അടച്ചിട്ടുള്ള സമരം തുടങ്ങി; ഇന്ന് ഉച്ച വരെ പെട്രോൾ കിട്ടില്ല
എലത്തൂരിൽ ഡീലർമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ചാണ് പെട്രോൾ പമ്പുടമകളുടെ സമരം
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 പമ്പുകൾ അടച്ചിടുക. കോഴിക്കോട് എലത്തൂരിൽ ഡീലർമാരെ, ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് പെട്രോൾ പമ്പുടമകളുടെ സമരം. ശബരിമല മണ്ഡലകാലം പ്രമാണിച്ച് കോന്നി, റാന്നി, കോഴഞ്ചേരി, അടൂർ താലൂക്കുകൾ, ചെങ്ങന്നൂർ മുൻസിപ്പാലിറ്റി തുടങ്ങിയ പ്രദേശങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കി.
അതേസമയം കെഎസ്ആർ ടിസിയുടെ പെട്രോൾ പമ്പുകൾ പ്രവർത്തിക്കും. പെട്രോളിയം ഡീലർമാരും ടാങ്കർ ഡ്രൈവർമാരും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സമരം. കോഴിക്കോട് എച്ച്‌പിഎസ്ഐ എൽ ഓഫീസിൽ ചർച്ചയ്ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്‌സ് യൂണിയൻ നേതാക്കൾ മർദിച്ചതായി ആരോപിച്ചാണ് ഡീലേഴ്‌സ് അസോസിയേഷൻ ഇന്ന് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.