കരുവണ്ണൂരിൽ അമിത ലോഡ് കയറ്റിയ ലോറി മരത്തിൽ ഇടിച്ച് മരം മുറിഞ്ഞ് വീണു
കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ കരുവണ്ണൂർ നയാര പെട്രോൾ പമ്പിന് സമീപമാണ് അപകടം
കരുവണ്ണൂർ: കുറ്റ്യാടി കോഴിക്കോട് സംസ്ഥാനപാതയിൽ നടുവണ്ണൂരിനടുത്ത് കരുവണ്ണൂരിൽ റോഡരികിലെ വൻമരത്തിൽ അമിത ലോഡ് കയറ്റിയ ലോറിയുടെ മുകൾഭാഗം ഇടിച്ച് മരം മുറിഞ്ഞ ലോറിയിലേക്ക് പതിച്ചു.ഡ്രൈവർ അവസരോചിതമായി ബ്രേക്ക് ചെയ്ത് നിർത്തിയതിനാൽ മരം മുറിഞ്ഞ് റോഡിൽ വീഴാതെ വൻ അപകടം ഒഴിവായി. മിനിറ്റുകൾക്കിടയിൽ തന്നെ നിരവധി വാഹനങ്ങൾ ഇരു ഭാഗങ്ങളിലേക്കും കടന്നുപോകുന്ന ഇവിടെ ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്. എതിരെ വന്ന കാറിന് സൈഡ് നൽകാൻ അരികിലേക്ക് ചേർത്ത് നിർത്തിയപ്പോഴാണ് ലോറിയുടെ വലിപ്പവും കവിഞ്ഞുള്ള ലോഡ് മരത്തിൽ ഇടിച്ചത്.
സംഭവത്തെ തുടർന്ന് റോഡിൽ ഗതാഗത സ്തംഭനം തുടരുകയാണ്. ധാരാളം വാഹനങ്ങൾ കടന്നു പോകുന്ന വൈകിട്ട്, ആറ് മണിയോടെയാണ് സംഭവം. അപകടം നടന്ന ഉടനെ പ്രദേശ വാസികളും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റാനുള്ള ശ്രമം നടത്തിയെങ്കിലും അതീവ ശ്രമകരമായിരുന്നു ദൗത്യം. തുടർന്ന് പേരാമ്പ്ര പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇപ്പോൾ ഫയർഫോഴ്സ് അംഗങ്ങൾ മരം മുറിച്ചു മാറ്റി കൊണ്ടിരിക്കുന്നു. ഇതേ രീതിയിൽ ഏതു നിമിഷവും അപകടം വരുത്താവുന്ന രീതിയിൽ നിരവധി മരങ്ങൾ പാതയോരങ്ങളിൽ ഉണ്ട്. ഇവ മുറിച്ചു മാറ്റാൻ പലപ്പോഴായി ആവശ്യപ്പെട്ടിട്ടും ജനപ്രതിനിധികളെ ഉദ്യോഗസ്ഥരോ ശ്രദ്ധിക്കുന്നില്ല എന്നാണ് പരിസരവാസികളുടെ ആക്ഷേപം.