മൃതദേഹത്തിനരികെ അലമുറയിട്ട് സുഹൃത്തുക്കൾ, തളർന്നുവീണ് മാതാപിതാക്കൾ; നെഞ്ചുലയ്ക്കും കാഴ്ച്ചകൾ
4 പെൺകുട്ടികളുടെയും ഖബറടക്കം തുമ്പനാട് ജുമാ മസ്ജിദിൽ നടന്നു
പാലക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച 4 പെൺകുട്ടികളുടെയും ഖബറടക്കം തുമ്പനാട് ജുമാ മസ്ജിദിൽ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലായാണ് പെൺകുട്ടികളെ ഖബറടക്കിയത്. വിദ്യാർത്ഥികളെ അവസാന നോക്കുകാണാൻ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ഹാളിലും എത്തിയത്. കണ്ണു നനയിക്കുന്ന കാഴ്ച്ചകളായിരുന്നു എങ്ങും കാണാനായത്. മാതാ പിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. എന്തു പറഞ്ഞ് ഇവരെ സമാധാനിപ്പിക്കുമെന്നറിയാതെ കണ്ടു നിന്നവരും ഏറെ പ്രയാസപ്പെട്ടു.
അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം വീടുകളിലെത്തിച്ചപ്പോൾ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ച്ചകൾ. മാതാപിതാക്കളേയും സുഹൃത്തുക്കളേയും ആശ്വസിപ്പിക്കാൻ നാട്ടുകാരും കുടുംബക്കാരും നന്നേകഷ്ടപ്പെട്ടു. മരിച്ച റിദയുടെ മൃതദേഹത്തിനരികെ സുഹൃത്തുക്കൾ കൂട്ടത്തോടെ വിലപിച്ചതോടെ നാട്ടുകാർ ഇവരെ പിടിച്ചുമാറ്റി. റിദാ..റിദാ എന്ന് ഉറക്കെ വിളിച്ചു കൊണ്ടാണ് കുട്ടികൾ അലമുറയിട്ടത്. ഇവരെ പിന്നീട് പിടിച്ചുമാറ്റുകയായിരുന്നു. അതിനിടെ, മൃതദേഹത്തിനടുത്തെത്തിയ റിദയുടെ മാതാപിതാക്കൾ തളർന്നുവീണു. രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.