സ്വകാര്യ ബസ് ടിപ്പർ ലോറിയിൽ ഇടിച്ചു സ്ത്രീകൾ ബസ്സിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണു
ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ അമിത വേഗതയിൽ വന്ന ബസ് ടിപ്പറിന്റെ പിറകിലിടിക്കുകയായിരുന്നു
കോഴിക്കോട്: മാവൂരിൽ സ്വകാര്യ ബസ് ടിപ്പർ ലോറിയിൽ ഇടിച്ച് അപകടം. അപകടത്തെ തുടർന്ന് ബസ്സിലെ യാത്ര ചെയ്ത രണ്ട് സ്ത്രീകൾ റോഡിലേക്ക് തെറിച്ചുവീണു. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ടിപ്പർ ലോറി. ബസ്സും ഇതേ ദിശയിൽ തന്നെ സഞ്ചരിക്കുകയായിരുന്നു. മുൻപിൽ പോയ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് ടിപ്പറിന്റെ പിറകിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. മുൻവശത്തിരുന്ന രണ്ട് സ്ത്രീകളാണ് തെറിച്ചു വീണത്. ഉടൻ ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. തെറിച്ചു വീണ സ്ത്രീകളെ ഉൾപ്പെടെ എട്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.