പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ദേഹത്ത് ബസ് കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഓടുന്ന എസ്റ്റീം ബസ്സാണ് അപകടം വരുത്തിയത്
പേരാമ്പ്ര: കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിന് ഇരയായി ഒരു ജീവൻ കൂടി. പേരാമ്പ്ര ബസ് സ്റ്റാൻഡിലേക്ക് അമിത വേഗതയിൽ ഓടിച്ചു കയറിയ എസ്റ്റിം ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു. വാകയാട് സ്വദേശി കണ്ണിപ്പൊയിൽ അമ്മദ്(72) ആണ് മരിച്ചത്. അപകടം നടന്ന ഉടനെ ഡ്രൈവർ ബസ്സിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. കോഴിക്കോട് നിന്നും കുറ്റ്യാടിക്കു പോകുകയായിരുന്ന ബസ് ഇയാളുടെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. ഇന്ന് പകൽ 3 മണിയോടെ ആണ് സംഭവം. വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.
ബസ് സ്റ്റാൻഡിലേക്ക് അമിത വേഗതയിൽ കയറി വന്ന ബസ് യാത്രക്കാരന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്സും എത്തിയിട്ടുണ്ട്. നേരത്തെ ബസ്റ്റാൻഡിൽ പ്രവേശന സ്ഥലത്ത് ഉണ്ടായിരുന്ന ഹമ്പ് എടുത്തു മാറ്റിയപ്പോഴാണ് ബസ്സുകൾ അമിത വേഗതയിൽ സ്റ്റാൻഡിൽ കയറ്റാൻ തുടങ്ങിയതെന്ന് സമീപവാസികൾ പറഞ്ഞു. സംഭവം അറിഞ്ഞ് സ്ഥലത്ത് വലിയ ജനക്കൂട്ടം സംഘടിച്ചിട്ടുണ്ട്. ഇപ്പോൾ കുറ്റ്യാടി കോഴിക്കോട് ബസ്സുകൾ നാട്ടുകാർ തടയുയകയാണ്.