ഹർത്താൽ ഭാഗികം: കോഴിക്കോട് ഹർത്താൽ അനുകൂലികളും പോലീസും തമ്മിൽ സംഘർഷം. വടകരയിലും സംഘർഷം
പേരാമ്പ്രയിലും ഉള്ളിയേരിയിലും നടുവണ്ണൂരിലും കടകൾ അടഞ്ഞു; കൊയിലാണ്ടിയിൽ തുറന്നു
ബാലുശ്ശേരി: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിച്ചിൽ ആരോപിച്ച് കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാ ഹർത്താലിൽ കോഴിക്കോട് സംഘർഷം. സർവീസ് നടത്താൻ ഒരുങ്ങിയ കെഎസ്ആർ ടിസി ബസ് ഹർത്താൽ അനുകൂലികൾ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. സ്റ്റാൻഡിൽ നിന്നും കുറ്റ്യാടി തൊട്ടിൽപാലം റൂട്ടിലേക്ക് പോവാൻ ഒരുങ്ങിയ ബസാണ് പ്രവർത്തകർ തടഞ്ഞത്. നഗരത്തിലെ മൊബൈൽ ഷോപ്പുകൾ സമരാനുകൂലികൾ അടപ്പിക്കാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. വാഹന ഗതാഗതം ഭാഗികമായുണ്ടെങ്കിലും കോഴിക്കോട് ടൗണിൽ കടകൾ അടഞ്ഞു കിടക്കുകയാണ്. വടകരയിൽ തുറന്ന കട അടപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഘർഷമുണ്ടായി. കട അടപ്പിക്കുന്നത് തടഞ്ഞ പോലീസുമായി കോൺഗ്രസ് പ്രവർത്തകർ നടത്തിയ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കൊയിലാണ്ടിയിൽ പലയിടത്തും കടകൾ തുറന്നിട്ടുണ്ട്. കൊയിലാണ്ടി മത്സ്യ പച്ചക്കറി മാർക്കറ്റിലെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കുകയാണ്. പ്രാദേശിക ബസ് സർവീസും ദീർഘദൂര ബസ് സർവീസും കെഎസ്ആർടിസിയും ഇവിടെ സർവീസ് നടത്തി. എന്നാൽ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ബസ്സുകൾ ഓടുന്നില്ല.പേരാമ്പ്രയിലും നടുവണ്ണൂരിലും മേപ്പയ്യൂരിലും ഉള്ളിയേരിയിലും ബാലുശ്ശേരിയിലും കടകൾ അടഞ്ഞു കിടന്നു.തിക്കോടി പള്ളിക്കര കീഴൂർ ഭാഗങ്ങളിലും കടകൾ അടഞ്ഞു കിടക്കുന്നു. പയ്യോളിയിൽ ബസ് തടഞ്ഞ സമരാനു കൂലികളെ പോലീസ് തടഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ കടകൾ തുറന്നിട്ടുണ്ട്. താമരശ്ശേരിയിൽ ഹർത്താൽ ഭാഗികമാണ്. വയനാട്ടിലേക്കുള്ള കെ എസ് ആർ ടി സി അടക്കമുള്ള ദീർഘദൂര ബസുകൾ ഓടുന്നുണ്ട്. ആയഞ്ചേരിയിൽ കാലത്ത് ഏതാനും കടകൾ തുറന്നെങ്കിലും പിന്നീട് അടയ്ക്കുകയായിരുന്നു. സ്ഥലത്ത് പോലീസ് കാവൽ ഉണ്ട്.
പാൽ പത്രം ആംബുലൻസ്, ആശുപത്രി തുടങ്ങിയവ അവശ്യ സർവീസുകൾ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പെട്ടെന്നുള്ള ഹർത്താൽ പ്രഖ്യാപനം ആയതു കൊണ്ട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. കാലത്ത് ആറുമണിക്ക് ആരംഭിച്ച ഹർത്താൽ വൈകിട്ട് 6 മണിക്ക് അവസാനിക്കും. കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിനെ യുഡിഎഫും പിന്തുണയ്ക്കുകയാണ് ചെയ്തത്. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച ആഹ്വാനം ചെയ്ത ഹർത്താലിൽ ഉച്ചയ്ക്ക് മുമ്പ് കോഴിക്കോട് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം നടക്കും.