സ്വർണ്ണവില വീണ്ടും മുന്നോട്ട്, പവന് 320 രൂപ വർദ്ധിച്ചു
രണ്ടാഴ്ചക്കിടെ മാത്രം സ്വർണ വിലയിലുണ്ടായ വർധന 2,520 രൂപയാണ്
തിരുവനന്തപുരം: സ്വർണ വിലയിൽ വീണ്ടും മുന്നേറ്റം. ബുധനാഴ്ച്ച പവന് 320 രൂപയാണ് കൂടിയത്. ഗ്രാമിന് 40 രൂപ കൂടി 7340 രൂപയായി. രണ്ടാഴ്ചക്കിടെ മാത്രം സ്വർണ വിലയിലുണ്ടായ വർധന 2,520 രൂപയാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണ്ണത്തിന്റെ വില 78,755 രൂപയാണ്. ഡോളർ സൂചികയിലെ കുതിപ്പാണ് ഇപ്പോഴത്തെ വർധനവിന്റെ പ്രധാന കാരണം.
ആഗോള തലത്തിൽ സ്വർണത്തിന്റെ വില യുഎസ് ഡോളറിലാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഡോളർ കരുത്താർജിക്കുമ്പോൾ മറ്റ് കറൻസികളിൽ സ്വർണത്തിന്റെ മൂല്യമുയരാനിടയാകുന്നു. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ, പലിശ നിരക്ക് കുറയ്ക്കൽ എന്നിവയും സ്വർണ വിലയെ സമീപകാലയളവിൽ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വരും ദിവസങ്ങളിലും വർധന തുടരാനാണ് സാധ്യത.