മഹാനവമി; സംസ്ഥാനത്ത് നാളെ പൊതുഅവധി
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
പൂജ വെയ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തില്‍ 11 ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ കലണ്ടറില്‍ ഒക്ടോബര്‍ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 ന് അവധി പ്രഖ്യാപിച്ചിരുന്നില്ല. പുസ്തകങ്ങള്‍ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സര്‍ക്കാര്‍ അവധി ദിനമായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം.
പൊതു അവധി പ്രഖ്യാപിച്ചതിനാൽ നാളെ നിശ്ചയിച്ച പരീക്ഷകൾ അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ,സർവ്വീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവ മാറ്റിയതായി പബ്ലിക് സർവ്വീസ് കമ്മീഷന്‍ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും