തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി. ബസ് പുഴയിലേക്ക് മറിഞ്ഞു
അപകടത്തിൽ നിരവധി പേർക്ക് പരിക്ക്
തിരുവമ്പാടി: കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെ.എസ്.ആർ.ടി.സി. മറിഞ്ഞത്. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്.
പുഴയോട് ചേര്‍ന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് ബസ്. അപകടത്തെ തുടര്‍ന്ന് ബസിന്‍റെ മുൻഭാഗം പൂര്‍ണമായും പുഴയിൽ മുങ്ങിപോയി. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്നാണ് റിപ്പോർട്ട്. പാലത്തിനോട് ചേര്‍ന്നുള്ള കലുങ്കിൽ ഇടിച്ച് ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.
അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേർന്ന് ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചു. നാലോളം പേരെ പുഴയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. ബസിന്‍റെ മുൻഭാഗത്തിനും പുഴയ്ക്കും ഇടയില്‍ കുടുങ്ങിയവരെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. ഹൈഡ്രാളിക് കട്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ബസിന്‍റെ ഭാഗങ്ങള്‍ നീക്കിയും രക്ഷാപ്രവർത്തനം നടത്തി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്രമം. ഇനിയും മറ്റാരെങ്കിലും അപകടത്തിൽ പെട്ടിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.