headerlogo
breaking

മരണക്കെണിയൊരുക്കുന്ന പൊയിലങ്ങൽ താഴെ കുളം നാട്ടുകാരുടെ പേടിസ്വപ്നം

ചിറക് വിടർത്തി പറക്കാൻ ഒരുങ്ങിയ രണ്ട് കൗമാരങ്ങളെയാണ് കുളം ഇതിനകം വിഴുങ്ങിയത്

 മരണക്കെണിയൊരുക്കുന്ന പൊയിലങ്ങൽ താഴെ കുളം നാട്ടുകാരുടെ പേടിസ്വപ്നം
avatar image

NDR News

19 Sep 2024 10:06 PM

പൂനത്ത്: മരണം പതിയിരിക്കുന്ന അവിടനല്ലൂർ  പൊയിലങ്ങൽ താഴെ കുളം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. രണ്ട് വർഷത്തിനിടയിൽ ജീവിതത്തിലേക്ക് ചിറക് വിടർത്തി പറക്കാൻ ഒരുങ്ങിയ രണ്ട് കൗമാരങ്ങളെയാണ് ഈ കുളം വിഴുങ്ങിയത്. ഏറ്റവും ഒടുവിൽ ഇന്നലെ അതിദാരുണമായി 18 കാരനായ വിദ്യാർത്ഥിയെയാണ് കുളത്തിന്റെ അദൃശ്യകരങ്ങൾ മരണത്തിലേക്ക് വലിച്ചാഴ്ത്തിയത്. ഗ്രാമീണ നന്മയുടെ അടയാളമാകേണ്ട ഈ ജലശേഖരം രണ്ട് വിദ്യാർത്ഥികളുടെ മുങ്ങി മരണങ്ങളിലൂടെ നാട്ടുകാർക്കെല്ലാം പേടിസ്വപ്നമായിരിക്കുകയാണിപ്പോൾ.    

             ഈ ജലാശയത്തിൽ കുളിക്കാനായി കുട്ടികളടക്കം ധാരാളം പേരാണ് ഓരോ ദിവസവും വന്നു കൊണ്ടിരുന്നത്. വിദ്യാർത്ഥികൾ പല തവണ അപകടത്തിൽ പെട്ടപ്പോഴും നാട്ടുകാരുടെ ഇടപെടലാണ് പലപ്പോഴും ജീവാപായത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഒരു വർഷത്തിനകം രണ്ട് മരണം ഉണ്ടായെങ്കിലും കുളത്തിന്റെ അപകടാവസ്ഥ സമൂഹത്തെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയോ നിയന്ത്രണങ്ങൾ വയ്ക്കുന്നതിനു വേണ്ടിയോ നടപടിയൊന്നും ബന്ധപ്പെട്ട മേഖലയിൽ നിന്ന് ഉണ്ടായില്ല.   

      ആൾപാർപ്പില്ലാത്ത വിജനമായ ഒരു പറമ്പിലാണ് കുളം സ്ഥിതി ചെയ്യുന്നതെന്നത് തന്നെ അപകടത്തിന്റെ സാധ്യത  വർദ്ധിപ്പിക്കുന്നു.  യാദൃശ്ചികമായി ഉണ്ടാകുന്ന അപകടങ്ങൾ വളരെ കഴിഞ്ഞാണ് നാട്ടുകാർ അറിയുന്നത്. ദൃശ്യഭംഗിയാണ് ഈ ജലശേഖരം വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരെ പോലും ഇവിടേക്ക് ആകർഷിക്കുവാൻ കാരണം. കുളത്തിലെ അപകട സാധ്യതകളെ കുറിച്ച് അറിവില്ലാത്ത സന്ദർശകർ മുന്നറിയിപ്പ് ബോഡുകളൊന്നും കാര്യമാക്കാതെ കുളത്തിൽ ഇറങ്ങുന്നതാണ് പ്രശ്നമാവുന്നത്.  

      നീർതട പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഈ കുളത്തിൽ ഇനിയുമൊരു ജീവൻ നഷ്ടപ്പെടാതിരിക്കണമെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനം ഇടപെടുക തന്നെ വേണം. അപകടാവസ്ഥ പരിഹരിക്കുന്നതു വരെ കുളത്തിലേക്കുള്ള പ്രവേശനം തടയുകയെങ്കിലും വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

NDR News
19 Sep 2024 10:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents