കോഴിക്കോട്ട് എം.കെ. രാഘവൻ, വടകരയിൽ മാറി മറിഞ്ഞ് ലീഡ് നില; ആദ്യഘട്ട കണക്കുകൾ പുറത്ത്
15 ഇടത്ത് യു.ഡി.എഫ്., 4 ഇടത്ത് എൽ.ഡി.എഫ്., ഒരു സീറ്റിൽ എൻ.ഡി.എ.
കോഴിക്കോട്: പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിലവിൽ തപാൽ വോട്ടുകൾ എണ്ണി പൂർത്തിയാക്കി ഇ.വി.എം. ആദ്യഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ 15 ഇടത്ത് യു.ഡി.എഫും 4 ഇടത്ത് എൽ.ഡി.എഫും ഒരു സീറ്റിൽ ബി.ജെ.പിയും ലീഡ് ചെയ്യുന്നു.
കോഴിക്കോട് യു.ഡി.എഫ്. സ്ഥാനാർത്ഥി എം.കെ. രാഘവൻ ലീഡ് നിലനിർത്തുകയാണ്. 5928 വോട്ടുകൾക്കാണ് ലീഡ്. അതേസമയം, വടകരയിൽ ലീഡ് നില മാറി മറയുകയാണ്. ഷാഫി പറമ്പിലും കെ.കെ. ശൈലജയുടെയും ലീഡ് മാറി മാറി വരുന്നുണ്ട്. നിലവിൽ 1678 വോട്ടുകൾക്ക് ഷാഫി പറമ്പിലാണ് വടകരയിൽ ലീഡ് ചെയ്യുന്നത്.
ആലത്തൂർ, പാലക്കാട്, മാവേലിക്കര, കണ്ണൂർ മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ്. ലീഡ്. അതേസമയം, സുരേഷ് ഗോപി തൃശ്ശൂരിൽ മുന്നിട്ട് നിൽക്കുന്നു. മറ്റു മണ്ഡലങ്ങളിൽ യു.ഡി.എഫ്. ആണ് ലീഡ് ചെയ്യുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി ലീഡ് നിലനിർത്തുന്നു.