headerlogo
breaking

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ സമരം പിൻവലിച്ചു

ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്

 സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ സമരം പിൻവലിച്ചു
avatar image

NDR News

15 May 2024 05:14 PM

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. വിട്ടുവീഴ്ചക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും ഇന്ന് വൈകീട്ട് നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാൻ തീരുമാനമായത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരമായത്. സമരം നടത്തിവന്നിരുന്ന മുഴുവൻ യൂണിയനുകളും സമരം പിന്‍വലിച്ചു. 

       പുതിയ തീരുമാനങ്ങളും മന്ത്രി ചർച്ചയ്ക്ക് ശേഷം വിശദീകരിച്ചു. ഡ്രൈവിംഗ് പരിഷ്കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകള്‍. 

      ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോര്‍ വാഹന വകുപ്പ് വെക്കും. ഡ്രൈവിംഗ് സ്കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കുമെന്നും ഇത് പഠിക്കാൻ പുതിയ കമ്മീഷനെ നിയോഗിക്കുമെന്നും ക്വാളിറ്റിയുള്ള ലൈസന്‍സ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ‍് ടെസ്റ്റും നടത്തും. 

      കെ.എസ്.ആര്‍.ടി.സി. പത്ത് കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് സ്കൂളുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ 40 ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഇതുപ്രകാരം രണ്ട് ഇന്‍സ്പെക്ടര്‍മാരുള്ളിടത്ത് 80 ലൈസന്‍സ് ടെസ്റ്റ് നടത്തും. ഒരു എം.വി.ഐയുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും നടത്തും.

      ഏതാണ്ട് പത്ത് ലക്ഷത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ 2.5 ലക്ഷം അപേക്ഷകളാണുള്ളതെന്നും, ഈ ബാക്ക് ലോഗ് പരിഹരിക്കുമെന്നും ഓരോ ആര്‍.ടി. ഓഫീസിലും സബ് ആര്‍.ടി. ഓഫിസിലും എത്ര അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് അടുത്ത ദിവസങ്ങളില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

NDR News
15 May 2024 05:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents