കരിപ്പൂര്‍ വീണ്ടും സ്വർണ്ണക്കടത്ത്; പിടിച്ചെടുത്തത് 887 ഗ്രാം സ്വർണ്ണം
നാദാപുരം, കുറ്റ്യാടി സ്വദേശികൾ പിടിയിൽ
മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 887 ഗ്രാം സ്വർണ്ണം പിടികൂടി. ഏകദേശം 63 ലക്ഷത്തിലധികം രൂപ വില വരുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ നാദാപുരം സ്വദേശിയായ യാത്രക്കാരനും സ്വർണ്ണം സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ മറ്റ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് മസ്‌കറ്റില്‍ നിന്നും വന്ന ഒമാന്‍ എയര്‍ (ഡബ്ല്യൂ.വൈ. 297) വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ നാദാപുരം സ്വദേശി മുഹമ്മദി(28)നെ വിമാനത്താവളത്തിന് പുറത്തു വെച്ചാണ് പോലീസ് പിടികൂടിയത്. സ്വര്‍ണം മിശ്രിത രൂപത്തിൽ മൂന്ന് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു.
മുഹമ്മദ് കടത്തികൊണ്ടു വന്ന കടത്ത് സ്വര്‍ണം സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് കാത്തിരുന്ന കുറ്റ്യാടി സ്വദേശികളായ സജീര്‍ (32), അബൂ സാലിഹ് (36) എന്നിവരേയും പോലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ച താര്‍ വാഹനവും പ്രതിഫലമായി നല്‍കാന്‍ കരുതിയ 70,000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുറ്റ്യാടി സ്വദേശി റംഷാദ് എന്ന ആച്ചിക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും.