മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി
തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജി തള്ളി. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനായിരുന്നു ഹര്‍ജി നല്‍കിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട് സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു ആരോപണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി.
സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് വഴിവിട്ട സഹായം നല്‍കിയെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി മാത്യു കുഴല്‍നാടനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രേഖകളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും കോടതിയില്‍ വാദിച്ചു.
സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നതിനു പര്യാപ്തമായ രേഖകളാണ് ഹാജരാക്കിയതെന്നുംകോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആവശ്യം. എന്നാൽ വിശദമായ വാദം കേട്ട ആവശ്യം നിരാകരിക്കുകയായിരുന്നു. കേസ് സംബന്ധിച്ച് മാത്യു കുഴൽനാടൻ നൽകിയ രേഖകൾ അന്വേഷണം ആവശ്യപ്പെടാൻ പര്യാപ്തമല്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.
വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുഴൽനാടൻ കോടതിയെ സമീപിച്ചത്. പിന്നീട് കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം എന്ന് നിലപാടെടുക്കുകയായിരുന്നു. സി.എം.ആർ.എല്ലിന് മുഖ്യമന്ത്രി സഹായം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ മൂന്ന് രേഖകൾ ഹാജരാക്കിയിരുന്നു. അവയിലൊന്നും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്നായിരുന്നു വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചത്. തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് മൂന്ന് ദിവസത്തിനകം എക്കലും മണ്ണും നീക്കംചെയ്യണമെന്ന് നിർദേശിക്കുന്ന ജില്ലാ കളക്ടറുടെ കത്ത്, കെ.എം.ഇ.ആർ.എല്ലിന്റെ കൈവശമുള്ള അധിക ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന അപേക്ഷ സർക്കാർ തള്ളിയതിനെതിരേ ഹൈക്കോടതി നൽകിയ അനുകൂല ഉത്തരവ്, ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിശദപരിശോധന നിർദേശിച്ചുള്ള സർക്കാർ കുറിപ്പ് എന്നിവ മാത്യു കുഴൽനാടൻ കോടതിയിൽ ഹാജരാക്കി.