സംസ്ഥാന ബജറ്റിൽ പൊലീസ് സേനയ്ക്ക് 150.26 കോടി രൂപ
ഇതിൽ പൊലീസ് സേനയുടെ നവീകരണത്തിന് 12 കോടി രൂപയും ജയിൽ വകുപ്പിന് 14.5 കോടി രൂപയും വകയിരുത്തി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പൊലീസ് സേനയ്ക്ക് ആകെ 150.26 കോടി രൂപ വകയിരുത്തി. ഇതിൽ പൊലീസ് സേനയുടെ നവീകരണത്തിന് 12 കോടി രൂപയും ജയിൽ വകുപ്പിന് 14.5 കോടിയും ലഹരിവിരുദ്ധ കാമ്പയിനായ വിമുക്തിക്ക് 9.5 കോടിയും ദുരന്ത നിവാരണ അതോറിറ്റിക്ക് 6 കോടി രൂപയും വകയിരുത്തി.
എക്സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിന് 9.2 കോടി. വിജിലൻസിന് 5 കോടി. റവന്യൂ വകുപ്പിൻ്റെ നവീകരണത്തിന് 26.5 കോടി. സർക്കാർ പ്രസ്സുകൾക്ക് 5.2 കോടി. സപ്ലൈകോ ഔട്ട്‌ലെറ്റ് നവീകരണത്തിന് 10 കോടി രൂപ. മുന്നോക്ക വികസന കോർപ്പറേഷന് 35 കോടിയും എൻഡോസൾഫാൻ ദുരിതബാധിതർക്കായി 17 കോടിയും വകയിരുത്തി.
നീതിന്യായ വകുപ്പിന് ആകെ 44.14 കോടി അനുവദിച്ചു. ഹൈക്കോടതികളും കീഴ്കോടതികളും നവീകരിക്കാനും കൂടുതൽ സുരക്ഷ ഒരുക്കാനുമായി 3.3 കോടിയും വകയിരുത്തി. കളമശേരിയിൽ ഒരു ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനും തീരുമാനമുണ്ടായി.