കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ധിച്ചു
വടകര പേരാമ്പ്ര റൂട്ടില്‍ ഓടുന്ന ബസ്സിലെ ജീവനക്കാരാണ് മര്‍ദ്ദിച്ചത്
വടകര: കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കാര്‍ യാത്രികനെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ധിച്ചു. വടകര കുട്ടോത്ത് വച്ച് ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ബസിന് മുന്നില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറ്, പിറകില്‍ നിന്നെത്തിയ ബസ് ഉപയോഗിച്ച് തടഞ്ഞ് നിര്‍ത്തി കാര്‍ യാത്രികനെ വലിച്ചിട്ട് ക്രൂരമായി തല്ലുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ പറഞ്ഞു. വടകര പേരാമ്പ്ര റൂട്ടിലോടുന്ന കെ.എല്‍.38 ഇ.5889ദേവനന്ദ ബസ്സിലെ ജീവനക്കാരാണ് മൂരാട് സ്വദേശിയായ സാജിദിനെ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തിന് കാരണമാകും വിധം ഒരു തരത്തിലുള്ള പ്രകോപനവും തന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ലെന്ന് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന സാജിദ് പറഞ്ഞു. സാജിദിനെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സാജിദിനെ ജീവനക്കാര്‍ മര്‍ദിക്കുന്നതും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
മതിയാക്കൂ എന്ന് കാറിലുള്ളവര്‍ കരഞ്ഞുപറഞ്ഞിട്ടും ബസ് ജീവനക്കാര്‍ നിര്‍ത്താതെ മര്‍ദിക്കുകയായിരുന്നു. മരണവീട്ടില്‍ നിന്ന് കുടുംബത്തിനൊപ്പം മടങ്ങുകയായിരുന്നു സാജിദ്. സാജിദിന്റെ മാതാവുള്‍പ്പെടെ നാല് സ്ത്രീകള്‍ വാഹനത്തിലുണ്ടായിരുന്നു. ഇവരുടെ കണ്‍മുന്നിലിട്ടാണ് സാജിദിനെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനം സംബന്ധിച്ച് സാജിദ് വടകര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.