ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയിട്ടതിന് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയ്ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനം
ആ പോസ്റ്റ് മാറ്റിയില്ലെങ്കിൽ നമുക്ക് തിങ്കളാഴ്ച കാണാം, നല്ല വൃത്തിക്ക് കാണാം

ചാത്തമംഗലം: കോഴിക്കോട് ചാത്തമംഗലം എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ റാഗിംങ്ങിന്റെ പേരില്‍ ക്രൂര മര്‍ദനം. ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ഒന്നാംവര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റിഷാനിനാണ് മര്‍ദ്ദനമേറ്റത്.മര്‍ദ്ദനമേറ്റ ഒന്നാംവർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥി മുഹമ്മദ് റിഷാനിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മർദ്ദിക്കുമെന്ന് രണ്ടാം വർഷ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു.ഇനിയും ആ പോസ്റ്റ് മാറ്റിയില്ലെങ്കിൽ നമുക്ക് തിങ്കളാഴ്ച കാണാം, നല്ല വൃത്തിക്ക് കാണാം എന്നായിരുന്നു ഞായറാഴ്ച സീനിയർ വിദ്യാർത്ഥി അയച്ച സന്ദേശത്തിൽ പറയുന്നത്. മുഖത്തും കണ്ണിനുമാണ് പരുക്കേറ്റത്.
ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് ചെയ്യാതെ വന്നതോടെ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തി മര്‍ദിക്കുകയായിരുന്നു. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ സഫീര്‍ , അജ്‌നാസ് , നൗഷില്‍ എന്നിവര്‍ അടക്കം ഇരുപതോളം പേര്‍ക്കെതിരെ മുഹമ്മദ് റിഷാന്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കി. നാളെ രേഖാ മൂലം പൊലീസില്‍ പരാതി നല്‍കുമെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു.ഇരുപതോളം വരുന്ന സംഘം തങ്ങളെ ആക്രമിച്ചു പരിക്കേൽപ്പിച്ചെന്നാണ് ജൂനിയർ വിദ്യാർത്ഥികൾ പറയുന്നത്. കണ്ടാലറിയുന്ന കുറച്ച് വിദ്യാർത്ഥികൾ തങ്ങളെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണെന്നും നിരന്തരം ഭീഷണിയുണ്ടെന്നും കുട്ടികൾ പറയുന്നു.
കോളേജിന് അകത്തു നിന്നെടുത്ത കുട്ടികളുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നത്. ഈ ഫോട്ടോ നീക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് കുട്ടികള്‍ പറഞ്ഞു. കോളേജിനകത്തെ ഒരു ടെറസിൽ നിന്നെടുത്ത ചിത്രമായിരുന്നു അത്.ഇതിൽ പ്രകോപിതരാകുന്നത് എന്തിനാണെന്ന് അറിയില്ല. നിലവിലെ സീനിയർ വിദ്യാർത്ഥികൾ അവിടെ നിന്ന് ഫോട്ടോയെടുത്തപ്പോൾ മുമ്പ് അവരുടെ സീനിയേഴ്സ് പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചിരുന്നു എന്നാണ് പറഞ്ഞതെന്നും കുട്ടികൾ പറഞ്ഞു. അതേസമയം, സംഘമായി എത്തിയ സീനിയർ വിദ്യാർത്ഥികൾ പെട്ടെന്ന് ക്ലാസിലേക്ക് കയറി ആക്രമിച്ചെന്നും കീയടക്കം ഉപയോഗിച്ച് കണ്ണിന് താഴെ കുത്തുകയായിരുന്നുവെന്നും പരിക്കേറ്റവര്‍ പറഞ്ഞു. കുട്ടിയുടെ കണ്ണിന് താഴെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. മർദ്ദനത്തിൽ അവൻ അബോധാവസ്ഥയിലായി. കണ്ണിന്റെ കാഴ്ചയ്കക്കടക്കം ബാധിക്കാൻ സാധ്യയുണ്ടെന്നും അത്രയും ക്രൂരമായ മർദ്ദനമാണ് നടന്നതെന്നും കുട്ടികൾ കൂട്ടിച്ചേർത്തു. പരിക്കേറ്റ മുഹമ്മദ് റിഷാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.