headerlogo
breaking

'സലാമിനെ പോലുള്ളവര്‍ക്ക് കടിഞ്ഞാണിടുക :സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ

ഒന്നുകിൽ കടിഞ്ഞാണിടുക, അല്ലെങ്കിൽ കെട്ടിയിടുക

 'സലാമിനെ പോലുള്ളവര്‍ക്ക് കടിഞ്ഞാണിടുക :സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ
avatar image

NDR News

17 Oct 2023 06:39 AM

കോഴിക്കോട് : മുസ്ലീം ലീഗ് -സമസ്ത തർക്കങ്ങൾ കൂടുതൽ ഗുരുതരമാകുന്നു. അവസാനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ പികെ കുഞ്ഞാലിക്കുട്ടി കൈവിട്ടെങ്കിലും, ആക്ഷേപങ്ങൾ ഉന്നയിച്ച വരെ ആദ്യമേ തടയണമായിരുവെന്നാണ് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രതികരണം. പിഎംഎ സലാമിനെ പോലുള്ളവരെ ഒന്നുകിൽ കടിഞ്ഞാണിടുക, അല്ലെങ്കിൽ കെട്ടിയിടുക, അതുമല്ലെങ്കിൽ എവിടെയാണോ ആക്കേണ്ടത് അതുപോലുള്ള സ്ഥലങ്ങളിൽ കൊണ്ട് ചെന്നാക്കുകയെന്നായിരുന്നു കാസർഗോഡ് നീലേശ്വരത്ത് എസ് വൈ എസ് പരിപാടിയിൽ ജിഫ്രി തങ്ങളുടെ പ്രതികരണം. പരസ്യ പ്രസ്താവന അവസാനിപ്പിച്ചുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തോടാണ് ജിഫ്രി തങ്ങളുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

       ആരെയും ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സമസ്തക്കറിയാമെന്നായിരുന്നു സാദിഖ് അലി തങ്ങൾക്കുള്ള മറുപടി. സമസ്തക്ക് അതിനുള്ള ശക്തിയുണ്ട്. സമസ്തയില്‍ ആരോക്കെ വേണമെന്ന് തീരുമാനിക്കാന്‍ ആരെയും ഗേറ്റ് കീപ്പറാക്കിയിട്ടില്ല. എസ് വൈ എസ് സമസ്തയുടെ ഊന്നുവടി മാത്രമല്ല. ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കാന്‍ കൂടിയുള്ളതാണെന്നും ജിഫ്രി തങ്ങൾ തിരിച്ചടിച്ചു. സമസ്തയുമായുള്ള തർക്കത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയെ കൈവിടുന്ന പ്രസ്താവനയാണ് പികെ കുഞ്ഞാലിക്കുട്ടി അവസാനഘട്ടത്തിൽ നടത്തിയത്. സലാമിന്റെ പരാമർശങ്ങൾ അറിവില്ലായ്മാണെന്ന് കുറ്റപ്പെടുത്തിയ കുഞ്ഞാലിക്കുട്ടി, ലീഗിൽ പരസ്യപ്രസ്താവനകൾ വിലക്കിയതായും അറിയിച്ചു.

      ജിഫ്രി തങ്ങൾക്ക് പിന്നാലെ എസ്കെഎസ്എസ്എഫ് അധ്യക്ഷനും പാണക്കാട് കുടുംബാംഗവുമായ ഹമീദലി ശിഹാബ് തങ്ങളെ ഇകഴ്ത്തി പറഞ്ഞതാണ് ലീഗ് ജനറൽ സെക്രട്ടറി സലാമിന് വിനയായത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലും പിന്നീട് ഇംഗ്ലീഷ് ദിനപത്രത്തോട് സംസാരിച്ചപ്പോഴും സലാം സമസ്തയ്ക്കും പോഷകസംഘടനകൾക്കുമെതിരെ തുറന്നടിച്ചിരുന്നു. ഇതോടെ സമസ്ത അനൂകൂലികൾ ഒന്നാകെ ഇളകി. തർക്കം പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തുമെന്ന് ഭയന്നാണിപ്പോൾ പാർട്ടി സെക്രട്ടറിയെ കൈവിട്ട് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. പ്രശ്നത്തിൽ ഹമീദലി തങ്ങളെ നേരിട്ട് വിളിച്ച് സലാം ഖേദം പ്രകടിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. സലാമിന്റേത് അറിവില്ലായ്മയെന്ന് പരസ്യമായി കുഞ്ഞാലിക്കുട്ടിക്ക് പറയേണ്ടി വന്നത് പാർട്ടിക്കുള്ളിലും തർക്കം രൂക്ഷമായതിന്റെ സൂചനയാണ്. അതേ സമയം സമസ്ത ആവശ്യപ്പെട്ട ചർച്ചയ്ക്ക് ഇനിയും ലീഗ് തയ്യാറായിട്ടില്ല. സലാമിന്റെ പരാമർശങ്ങൾ സലാം തന്നെ തിരുത്തണമെന്ന ആവശ്യമാണ് സമസ്ത ഉന്നയിക്കുന്നത്.

NDR News
17 Oct 2023 06:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents