നാളെ കോളേജുകളിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു
ഉന്നത വിദ്യാഭ്യാസ മേഖല എസ്എഫ്ഐ തകർത്തു എന്ന് ആരോപിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി കോളേജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. നിഖിൽ തോമസിന്‍റെയടക്കം വിഷയം ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തു എന്ന് ആരോപിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.
വ്യാജന്മാരുടെ കൂടാരമായി എസ് എഫ് ഐ മാറിയെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തെറിയുകയാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന വിഷയങ്ങളിൽ സർക്കാർ മൗനം വെടിയണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ രാവിലത്തെ പ്രതികരണത്തിൽ വിശദീകരണവുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ രംഗത്തെത്തി. നിഖിൽ തോമസ് കൊണ്ടുവന്ന രേഖകൾ പരിശോധിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രാവിലത്തെ പ്രതികരണമെന്നാണ് ആർഷോ വിശദീകരിച്ചത്. കലിം ഗയിൽ പോയി പരിശോധന നടത്താൻ എസ് എഫ് ഐക്കാവില്ലെന്നും നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ ഒറിജിനലാണെന്നാണ് എസ് എഫ് ഐക്ക് ബോധ്യപ്പെട്ടതെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു.