വയനാട്ടിൽ എംഡിഎംഎയുമായി ദമ്പതികളടക്കം നാലു പേർ അറസ്റ്റിൽ
ബെംഗളൂരുവിൽ നിന്നും ലഹരിമരുന്ന് കോഴിക്കോട് എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം
വയനാട്: മുത്തങ്ങയിൽ എംഡിഎംഎയുമായി ദമ്പതികളടക്കം നാലു പേർ അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശികളായ ഫിറോസ് ഖാൻ (31), പി കെ യൂസഫലി (26), ഭാര്യ ആയിഷ നിഹാല (22), കണ്ണൂർ കക്കാട് സ്വദേശി പി നദീർ (26) എന്നിവരാണ് പിടിയിലായത്. 156 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്നും കൊണ്ടുവന്ന ലഹരിമരുന്ന് കോഴിക്കോട് എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന എംഡിഎംഎ പൊലീസ് നടത്തിയ പരിശോധന യിൽ കണ്ടെത്തുകയായിരുന്നു. മയക്കു മരുന്ന് ചില്ലറ വിൽപ്പനക്കായി ഉപയോഗിക്കുന്ന ത്രാസും കവറുകളും സംഘത്തിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും, ബത്തേരി എസ്ഐ സി എം സാബുവും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഒന്നരമാസത്തിനിടെ എംഡിഎംഎ വിൽപ്പന നടത്തുന്നതുമായി പിടികൂടിയ മൂന്നാമത്തെ കേസാണിതെന്ന് ബത്തേരി പൊലീസ് പറഞ്ഞു.