കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് പീഢനം അടിയന്തിര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു
ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് യുവതി അക്രമത്തിന് ഇരയായത്

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് യുവതി അക്രമത്തിന് ഇരയായത്.
സര്‍ജിക്കല്‍ ഐസിയുവില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. തൈറോയിഡ് ശസ്ത്രക്രിയക്ക് ശേഷം യുവതിയെ തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമായിരുന്നു സംഭവം. അര്‍ദ്ധബോധാവസ്ഥയിലായിരുന്ന യുവതിക്ക് പ്രതികരിക്കാനായിരുന്നില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവതിക്കെതിരെ അതിക്രമം നടത്തിയ ആശുപത്രി ജീവനക്കാരന്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആഭ്യന്തര അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് അഡീഷണല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്‌സിങ് ഓഫീസര്‍ തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍