ലഹരി മാഫിയയെ ചോദ്യം ചെയ്തതിന് ആശുപത്രിയിൽ കയറി രണ്ടു പേരെ വെട്ടിക്കൊന്നു
സംഭവം ഇന്നലെ വൈകിട്ട് തലശ്ശേരി സഹകരണ ആശുപത്രിയിൽ
തലശ്ശേരി: ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് തലശ്ശേരിയിൽ രണ്ട് പേർ വെട്ടേറ്റ് മരിച്ചു. ഒരാൾക്ക് പരിക്ക്. തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ.ഖാലിദ്(52), സഹോദരീ ഭർത്താവും സി.പി.എം. നെട്ടൂർ ബ്രാഞ്ചംഗവുമായ ത്രിവർണ ഹൗസിൽ പൂവനയിൽ ഷമീർ(40) എന്നിവരാണ് മരിച്ചത്.ബുധനാഴ്ച വൈകീട്ട് നാലോടെ സഹകരണ ആസ്പത്രി പരിസരത്താണ് സംഭവം. ഇരുവരേയും തലശ്ശേരി സഹകരണ ആസ്പത്രിയിൽനിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.ഖാലിദ് സഹകരണ ആസ്പത്രിയിലും ഷമീർ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റ ഇവരുടെ സുഹൃത്ത് നെട്ടൂർ സാറാസിൽ ഷാനിബ് (29) സഹകരണ ആസ്പത്രിയിൽ ചികിത്സയിലാണ്.
ലഹരി വിൽപനയെ ചോദ്യംചെയ്തതിന് ഷമീറിന്റെ മകൻ ഷെബിലിനെ ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ഒരാൾ മർദിച്ചിരുന്നു. പരിക്കേറ്റ ഷെബിലിനെ സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ച തറിഞ്ഞ് ലഹരി മാഫിയയിൽപ്പെട്ട ഒരാൾ ആസ്പത്രിയിലെത്തി. പ്രശ്നം പറഞ്ഞുതീർക്കാമെന്ന വ്യാജേന ഖാലിദ് അടക്കമുള്ളവരെ പുറത്തേക്ക് വിളിച്ചിറക്കി. ആസ്പത്രിക്ക് പുറത്ത് സംഘത്തിലുൾപ്പെട്ട നാല് പേർ കാത്തുനിന്നതായാണ് വിവരം. ആസ്പത്രി കാന്റീൻ പരിസരത്തു വച്ച് സംസാരിക്കുന്നതിനിടെ ആസ്പത്രിയിൽനിന്ന് വിളിച്ച് പുറത്തിറക്കിയ ആൾ ഖാലിദിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഓട്ടോയിൽ കരുതിയ കത്തിയെടുത്തായിരുന്നു വെട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തടയാൻ ശ്രമിച്ചതിനിടെ ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വെട്ടേറ്റു.