ചായ കുടിക്കാൻ കൊണ്ടുപോയപ്പോൾ ചാടിപ്പോയ പ്രതിയെ പിടികൂടി
പയ്യാനക്കൽ സ്വദേശി മുഹമ്മദ് റിയാസിനെയാണ് പിടികൂടിയത്

കോഴിക്കോട്: പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി. ബൈക്ക് മോഷണക്കേസിലെ പ്രതി പയ്യാനക്കൽ സ്വദേശി മുഹമ്മദ് റിയാസിനെയാണ് പിടികൂടിയത്.മാറാട് വെച്ചാണ് റിയാസിനെ പൊലീസ് പിടികൂടുന്നത്.പ്രതിക്കായി മെഡിക്കൽ കോളജ് എ. സി. പിയുടെ നേതൃത്വത്തിൽ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് പലയിടത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സംഭവത്തിൽ എ. സി. പിയോട് ഡി. സി. പി വിശദീകരണം തേടുകയും ചെയ്തിരുന്നു.
ഇന്നലെ ഉച്ച സമയത്ത് കോടതി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടു പോവുന്നതിനിടെയാണ് രക്ഷപ്പെടുന്നത്. ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറിയപ്പോൾ ഇയാളുടെ വിലങ്ങ് പൊലീസ് അഴിച്ചിരുന്നു. രണ്ട് കൈകളിലേയും വിലങ്ങ് അഴിച്ചുമാറ്റുകയും ഒരു പൊലീസുകാരൻ സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. ഇതോടെയാണ് പ്രതി കിട്ടിയ അവസരം മുതലാക്കി ഓടിരക്ഷപെട്ടത്.