സച്ചിൻ ദേവും ആര്യാ രാജേന്ദ്രനും വിവാഹിതരായി
തിരുവനന്തപുരം എ കെ ജി ഹാളില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തു

തിരുവനന്തപുരം: രാജ്യത്തെ പ്രായം കുറഞ്ഞ മേയറും എംഎൽഎയും വിവാഹിതരായി. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരം എ കെ ജി ഹാളില്‍ നടന്ന ചടങ്ങിൽ സച്ചിൻ ദേവ്, ആര്യ രാജേന്ദ്രനെ ഹാരമണിയിച്ച് ജീവിത പങ്കാളിയാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുത്തു.
വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും മേയർ നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ആഗ്രഹമെന്നും മേയർ ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം ജില്ലാ കമ്മിറ്റി നേരത്തെ മേയർ – എം എൽ എ വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്തിറക്കിയിരുന്നു. അടിമുടി പാർട്ടി സ്റ്റൈലിലായിരുന്നു വിവാഹ ക്ഷണക്കത്ത്. ലളിതമായി തയ്യാറാക്കിയ കത്തിൽ രക്ഷകർത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്‍റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്വം പറഞ്ഞാണ് പരിചയപ്പെടുത്തിയത്.
ബാലസംഘം- എസ്എഫ്ഐ പ്രവർത്തന കാലയളവിലെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രൻ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ സച്ചിൻ ദേവ് സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്.