കൂട്ടാലിടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം
വാഹനം പൂർണമായും കത്തി നശിച്ചു
കൂട്ടാലിട: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരുവോട് സ്വദേശി സജിത്കുമാർ സഞ്ചരിച്ച സ്കോർപിയോ കാറാണ് കത്തി നശിച്ചത്. തിരുവോട് - കൂട്ടാലിട റോഡിൽ കാരടിപ്പറമ്പിൽ ഇന്ന് രാവിലെ പത്തേ കാലോടെയായിരുന്നു അപകടമുണ്ടായത്.
ജോലി ആവശ്യത്തിനായി ഇന്ന് രാവിലെ കൂട്ടാലിടയിലേക്ക് പോവുകയായിരുന്ന സജിത്ത് കുമാർ, വണ്ടിയുടെ ഡാഷ് ബോർഡിൽ നിന്ന് പുക ഉയരുന്നത് കണ്ട്, വണ്ടി നിർത്തി പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് വെള്ളം എടുക്കാനായി പുറത്തിറങ്ങിയതോടെ വണ്ടി മുന്നോട്ട് നീങ്ങുകയും കത്തിയമരുകയുമായിരുന്നു.
പേരാമ്പ്രയിൽ നിന്നും രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ പടരുന്നത് നിയന്ത്രിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.