പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു
ചെന്നൈയിലെ ഫ്ലാറ്റിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
ചെന്നൈ: പ്രശസ്‌ത സംവിധായകൻ പ്രതാപ് പോത്തൻ (69) അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുസഹായി വീട്ടിലെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സംവിധായകനൊപ്പം നടൻ എന്ന നിലയിലും പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് പ്രതാപ് പോത്തൻ. ആരവമാണ് ആദ്യ സിനിമയ്ക്കും സിബിഐ 5 എന്ന അവസാന സിനിമയ്ക്കുമിടയിൽ മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതനാണ് തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചത്. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലൂടെ അഭിനയം തുടർന്ന അദ്ദേഹം നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ തമിഴിലും സ്ഥാനമുറപ്പിച്ചു.