കനത്ത മഴ;രണ്ട് ജില്ലകളിൽ നാളെ റെഡ് അലേർട്ട്
ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ട്: എറണാകുളത്ത് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ നാളെ റെഡ് അലേർട്ടും എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം.
ഇന്നും നാളെയും 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും തീരപ്രദേശത്തുമുള്ളവർ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് നൽകി.
ശക്തമായ മഴയെത്തുടർന്ന് വിവിധ ജില്ലകളിലെ ഡാമുകൾ തുറന്നതിനാൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.കൊല്ലത്ത് കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കുരീപ്പുഴ സ്വദേശി ഷിബിൻദാസിനെ കാണാതായി. ശക്തമായ മഴയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.