വിഖ്യാത ജ്യോതിശാസ്ത്രജ്ഞൻ മലയാളിയായ പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചു
ഹൃദയാഘാതത്തെത്തുടർന്ന് പൂനെയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു
പൂനെ: ലോകപ്രശസ്ത സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനും ജ്യോതിശാസ്ത്ര വിശാരദനും ആയ പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് പൂനെയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു 64കാരനായ അദ്ദേഹം.
കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും പ്രമുഖരായ ശാസ്ത്രജ്ഞന്മാരിൽ 24ാമത് സ്ഥാനം നല്കി അംഗീകരിച്ചിരുന്നു.ഭാരതം പത്മശ്രീ നൽകി ആദരിച്ചു. കേരള സംസ്ഥാന സർക്കാരിന്റെ ഉയർന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്ര പുരസ്കാരം ഈ വർഷം താണു പത്മനാഭന് ലഭിച്ചിരുന്നു.
പൂനെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സിലെ അക്കാദമിക വിഭാഗം ഡീനായിരുന്നു. ഇപ്പോൾ അതേ സ്ഥാപനത്തിൽ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
300-ാളം ഗവേഷണ പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചു.ആഫ്‌ടർ ദി ഫസ്റ്റ് ത്രീ മിനുട്‌സ് - ദ സ്റ്റോറി ഓഫ് ഔവർ യൂണിവേഴ്‌സ് (ആദ്യത്തെ മൂന്നു നിമിഷങ്ങൾക്കു ശേഷം നമ്മുടെ പ്രപഞ്ചത്തിൻറെ കഥ), തിയററ്റിക്കൽ ആസ്ട്രോഫിസിക്‌സ്, ആൻ ഇൻവിറ്റേഷൻ ടു ആസ്ട്രോഫിസിക്‌സ് തുടങ്ങിയ കൃതികൾ പ്രസിദ്ധമാണ്. ജയന്ത് നർലിക്കറുമൊത്ത് ഗ്രാവിറ്റി, ഗേജ് തിയറീസ് ആൻഡ് കോസ്മോളജി എന്നൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻറെ ഭാഗമായ വിഗ്യാൻ പ്രസാർ പ്രസിദ്ധീകരിച്ച ഭൗതികത്തിൻറെ കഥ എന്ന പുസ്‌തകത്തിൻറെ മലയാള പരിഭാഷ കേര ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ഡോ. വാസന്തി പത്മനാഭൻ. വാസന്തിയുമായി ചേർന്ന് "The Dawn of Science' എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്. മകൾ : ഹംസ പത്മനാഭൻ .
അദ്ദേഹത്തിന്റെ ഗവേഷണ മേഖല ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം, പ്രപഞ്ചത്തിന്റെ ഉല്പത്തിയും ഘടനയും, ഇരുണ്ട ഊർജ്ജം എന്നിവയിലെല്ലാമായിരുന്നു. എമർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചത് അദ്ദേഹമാണ്.
സ്വിറ്റ്സർലന്റിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേൺ, ന്യൂ കാസിൽ സർവകലാശാല, ലണ്ടനിലെ ഇംപീരിയൽ കോളേജ്, കാൾടെക്, പ്രിൻസ്‌ടൺ, കേംബ്രിഡ്‌ജ് സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറാണ്.
1957 ൽ തിരുവനന്തപുരത് ജനിച്ചു. കേരള സർവകലാശാല യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി.എസ്.സി, എം.എസ്. സി ബിരുദങ്ങൾ സ്വർണമെഡലോടെ നേടി. 20-ാമത്തെ വയസ്സിൽ ബി എസ് സി യ്ക്ക് പഠിക്കുമ്പോൾ തന്നെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിൽ തന്റെ ആദ്യത്തെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച ധിഷണാശാലിയായിരുന്നു. പിന്നീട് മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (TIFR ) ൽ നിന്ന് പി.എച്ച്. ഡി നേടി.