മലപ്പുറം തിരൂരിൽ രണ്ട് കോടി രൂപയുടെ കഞ്ചാവ് പിടിച്ചു
അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ട് കോടിയിലധികം രൂപ വില വരുന്നതാണ് പിടികൂടിയ കഞ്ചാവ്
തിരൂര്‍: ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ 230 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിലായി. അന്താരാഷ്ട്ര മാർക്കറ്റിൽ രണ്ട് കോടിയിലധികം രൂപ വില വരുന്നതാണ് പിടികൂടിയ കഞ്ചാവ്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിലുൾപ്പെട്ട അന്തർസംസ്ഥാന കഞ്ചാവു മാഫിയാസംഘത്തിലെ മൂന്നുപേരാണ് തിരൂർ പോലീസിൻ്റെ പിടിയിലായത്.
ആന്ധ്രാപ്രദേശിൽ നിന്നും കേരളം, തമിഴ് നാട് സംസ്ഥാനങ്ങളിലേക്ക് ചരക്ക് ലോറികളിൽ വൻതോതിൽ കഞ്ചാവെത്തിച്ച് കൊടുക്കുന്ന, തൃശ്ശൂർ, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തിരൂർ DySP കെ.സുരേഷ് ബാബു, നർക്കോട്ടിക് സെൽ DySP പി.പി.ഷംസ്, തിരൂർ സി.ഐ. എം.ജെ.ജിജോ എന്നിവരുടെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് ലോറിയിൽ ഒളിപ്പിച്ച് കടത്തിയ 230 കിലോഗ്രാം കഞ്ചാവ് പിടി കൂടിയത്.
തൃശ്ശൂർ വെള്ളാഞ്ചിറ പൊരുന്നംകുന്ന് സ്വദേശി അത്തിപള്ളത്തിൽ ദിനേശൻ എന്ന വാവ ദിനേശൻ (37), മറ്റത്തൂർ ഒമ്പതിങ്ങൽ സ്വദേശി വട്ടപ്പറമ്പിൽ ബിനീത് @ കരിമണി ബിനീത് (31), പാലക്കാട് ആലത്തൂർ കാവശ്ശേരി സ്വദേശി പാലത്തൊടി മനോഹരൻ(31) എന്നിവരെയാണ് സി.ഐ . എം.ജെ.ജിജോ, എസ്.ഐ ജലീൽ കറുത്തേടത്ത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
തിരൂർ ചമ്രവട്ടം പാലത്തിനടുത്ത് വച്ച് ലോറിയുമായി പ്രതികൾ പോലീസിന്റെ പിടിയിലാവുകയയിരുന്നു . കർണാടകയിൽ നിന്നും ലോറി വാടകക്കെടുത്ത് ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് അഞ്ഞൂറു രൂപമുതൽ വില കൊടുത്ത് വാങ്ങി കേരളം, കർണാടക സംസ്ഥാനങ്ങളിൽ ഏജന്റുമാർക്ക് മുപ്പതിനായിരം രൂപവരെ വിലയിട്ടാണ് ഇവര്‍ വിൽപ്പന നടത്തുന്നത്. .
തിരൂർ സി.ഐ.ജിജോ.എം.ജെ, എസ്.ഐ. ജലീൽ കറുത്തേടത്ത്, പ്രത്യേക സംഘത്തിലെ കെ.പ്രമോദ്, C.P.സന്തോഷ്, എ.ജയപ്രകാശ്, C.V.രാജേഷ്, എൻ.ടി.കൃഷ്ണകുമാർ, പ്രശാന്ത്പയ്യനാട് , എം.മനോജ് കുമാർ, കെ.ദിനേശ്, പ്രഫുൽ, സന്തോഷ് കുമാർ, ദിൽജിത്ത്, സക്കീർ കുരിക്കൾ, തിരൂർ സ്റ്റേഷനിലെ SI മധു, ഹരീഷ്.അരുൺ, കൃപേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .