headerlogo
agriculture

കര തൊട്ട് ഫിൻജാൽ; ചെന്നൈ വിമാനത്താവളം അടച്ചു

നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി, 19 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

 കര തൊട്ട് ഫിൻജാൽ; ചെന്നൈ വിമാനത്താവളം അടച്ചു
avatar image

NDR News

30 Nov 2024 09:50 PM

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ടു. ചെന്നൈയിൽ റദ്ദാക്കിയത് നൂറിലേറെ വിമാനങ്ങൾ. 19 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല. നാളെ പുലർച്ചെ 4 വരെ അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിലാണ് ഫിൻജാൽ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങുന്നത്. തമിഴ്നാട് തീരത്തിന് സമീപത്തായി ചുഴലിക്കാറ്റ് കര തൊടുന്നതായുള്ള ലക്ഷണങ്ങളാണ് നിലവിലുള്ളത്. കാരയ്ക്കൽ മുതൽ മഹാബലിപുരം വരെയുള്ള തീരമേഖലയെ ചുഴലിക്കാറ്റ് സാരമായി ബാധിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുകൾ വിശദമാക്കുന്നത്. നവംബർ 30ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് കര തൊടുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദമാക്കിയത്.തമിഴ്‌നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ടാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.  

      ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ, തെക്കൻ ആന്ധ്രാപ്രദേശിലും വടക്കൻ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മയിലാടുംതുറൈ, നാഗപ്പട്ടണം, തിരുവാരൂർ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐടി കമ്പനികൾക്ക് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരുന്നു. തമിഴ്‌നാട്ടിലുടനീളം 2220 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. തിരുവാരൂർ, നാഗപട്ടണം ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഇതിനകം തന്നെ 500 ഓളം പേരെ പാർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിന് പിന്നാലെ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പ് വിശദമാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 2, 3 തീയതികളിൽ അതിശക്തമായ മഴയ്ക്കും ഡിസംബർ 1 മുതൽ 4 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

 

 

 

NDR News
30 Nov 2024 09:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents