കൃഷിസ്ഥലത്ത് ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെക്കാനുള്ള അവകാശം കർഷകർക്ക് നൽകണം; കർഷക കോൺഗ്രസ്
ചെറുവണ്ണൂർ മണ്ഡലം കർഷക കോൺഗ്രസ് കൃഷിഭവൻ ധർണ്ണ സംഘടിപ്പിച്ചു
പേരാമ്പ്ര: കൃഷിസ്ഥലത്ത് ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള അവകാശം കർഷകർക്ക് നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ: ബിജു കണ്ണന്തറ ആവശ്യപ്പെട്ടു. ചെറുവണ്ണൂർ മണ്ഡലം കർഷക കോൺഗ്രസ് ചെറുവണ്ണൂർ കൃഷിഭവനിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ കൃഷിഭവൻ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവികളിൽ നിന്നും കാർഷിക വിളകൾക്ക് സംരക്ഷണം നൽകുക, വന്യ ജീവികൾ നശിപ്പിച്ച കാർഷിക വിളകൾക്ക് നഷ്ടപരിഹാരം നൽകുക, ആവള പാണ്ടിയും, കരുവോട് ചിറയും, പരപ്പുഴ പാണ്ടിയും പൂർണ്ണമായും കൃഷിയോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, കർഷക പെൻഷൻ കുടിശ്ശിക സഹിതം വിതരണം ചെയ്യുക, ലീഡർ കരുണാകരൻ സർക്കാർ കൃഷിഭവൻ മുഖേന നടപ്പിലാക്കിയ ഒരു ലക്ഷം തൊഴിൽദാന പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് സർക്കാർ സർവ്വീസിലെ മിനിമം പെൻഷൻ നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.
കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിയും മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന വി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പി.പി. ഗോപാലൻ സ്വാഗതവും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് നേതാവുമായ വിജയൻ ആവള നന്ദിയും പറഞ്ഞു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. സുരേന്ദ്രൻ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സി.പി. നാരായണൻ, പട്ടയാട്ട് അബ്ദുള്ള, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് നളിനി നല്ലൂര്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സുജാത, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ കെ.പി. അരവിന്ദൻ, എം.പി. കുഞ്ഞികൃഷ്ണൻ, യു.ഡി.എഫ്. കൺവീനർ പിലാക്കാട്ട് ശങ്കരൻ, കെ.പി. രവീന്ദ്രൻ, ക്ഷീരസംഘം പ്രസിഡൻ്റ് കുഞ്ഞമ്മത്, ബഷിർ കറുത്തെടുത്ത്, വി. കണാരൻ, വേണുഗോപാലൻ മുയിപ്പോത്ത്, നിരയിൽ പ്രശാന്ദ്, ഷാഫി ഇടത്തിൽ എന്നിവർ സംസാരിച്ചു.